Article Details
മലയാളിയും മനഃശാസ്ത്രവും
മനുഷ്യനിർമ്മിതമായതെന്തും അതുല്യമാണ്. പരിഷ്‌കൃത സാങ്കേതിക വിദ്യകളും, നൂതന നിർമ്മിതികളും, കണ്ണഞ്ചിപ്പിക്കുന്ന നഗരവീഥികളും മനുഷ്യൻ്റെ ഓരോ ദിനവും വർണ്ണശബളമാക്കുന്നു. ഘടികാരങ്ങളെല്ലാം ശരവേഗത്തിലോടുമ്പോഴും ആരും അസ്വാഭാവികത കാണാറില്ല. മനുഷ്യനും, കാലവും സർവോപരി ലോകം മുഴുവനും ഒരു മായയെന്നപോലെ മുൻപോട്ട് പോകുന്നു. പക്ഷെ, ഇപ്പോഴും ഒരു പ്രധാന ചോദ്യം സാന്ദ്രത കുറഞ്ഞ ശബ്ദതരംഗങ്ങൾ പോലെ വായുവിൽ അലഞ്ഞുതിരിയുന്നുണ്ട്; "ഈ കാണുന്ന സൃഷ്ടിപ്പുകളുടെയെല്ലാം ആത്യന്തിക ലക്‌ഷ്യം നീ കൈവരിച്ചോ മനുഷ്യാ?"..
ഉന്മാദമാണ് എല്ലാത്തിൻ്റെയും അടിസ്ഥാനം. എന്നിട്ടും, പരിധികളില്ലാത്ത വിനോദമാർഗ്ഗങ്ങൾക്കിടയിലും മനുഷ്യനെന്തേ ഇപ്പോഴും വിഷാദത്തിൻ്റെ മടിത്തട്ടിൽ വൈകല്യം ബാധിച്ചുകിടക്കുന്നു. പ്രകൃതിയിലെ അനിർവചിനീയ സുഗന്ധത്തിൻ്റെ ഉറവിടം തേടി അലയുന്ന കസ്തുരിമാനിനെപോലെ, സന്തോഷത്തിൻ്റെ താക്കോൽ തന്നിലാണെന്ന യാഥാർഥ്യം തിരിച്ചറിയാതെ അലഞ്ഞുനടന്ന് നിർജ്ജലീകരണം സംഭവിക്കുകയാണ് നമ്മളിൽ. ഒന്നുമായും തുലനം ചെയ്യാൻ സാധിക്കാത്ത പരമസത്യമായ മനസ്സിൻ്റെ ആരോഗ്യം ചിന്തകളിലധിഷ്ഠിതമാണെന്ന് അറിഞ്ഞിട്ടും അറിയാത്തപോലെ ജീവിക്കുന്നവരാണ് നമ്മളോരോരുത്തരും. എത്ര വലിയ സാമ്പത്തിക ശക്തിയായി വളർന്നാലും മാനസികാരോഗ്യമില്ലാത്ത മനുഷ്യനെന്നും വെല്ലുവിളികൾ ഉയർത്തിക്കൊണ്ടിരിക്കും. ഏത് രീതിയിലും ഉന്മാദം കണ്ടെത്താൻ ശ്രമിക്കുന്ന ജനതയിൽ ഇല്ലാതാവുന്നത് വിഷാദമല്ല മറിച്ച് മൂല്യങ്ങളാണ്.
വ്യത്യസ്തത മനുഷ്യൻ്റെ ബാഹ്യശരീരത്തിൽ മാത്രമല്ല, മാനസിക ഘടനയിലുമുണ്ട്. പഞ്ചേന്ത്രിയങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ തൻ്റെ സ്വഭാവമായി മാറുന്നുണ്ടെന്ന വസ്തുത മനുഷ്യൻ അംഗീകരിക്കാത്ത മട്ടിലാണ് എന്നും ജീവിക്കുന്നത്. അതിൽ ഭയാനകമായ ഫലങ്ങൾ നൽകുന്ന വ്യക്തിത്വ വൈകല്യങ്ങളും രൂപപ്പെടുന്നുണ്ടെന്ന കാര്യം മനസ്സിലാക്കാതെ പോകുന്നു. മാനസികാരോഗ്യം വീണ്ടെടുക്കുക എന്നത് ഓരോ വ്യക്തിയുടേയും പ്രഥമ പരിഗണനയിൽ വരേണ്ട കാര്യമാണ്. മനഃശാസ്ത്രം മുൻപോട്ട് വെക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടർന്ന് ബലമുള്ളതും, കാര്യക്ഷമമായതുമായ വ്യക്തിത്വം വളർത്തിയെടുക്കാൻ സാധിച്ചാൽ മാത്രമേ ഉന്നത സാങ്കേതിക വിദ്യകൾ പോലും മനുഷ്യന് ഗുണകരമായി മാറുകയുള്ളൂ. മനുഷ്യൻ മൃഗത്തിൽ നിന്നും വ്യത്യസ്തനാവുന്നത് "വിവേകം" കൊണ്ടാണല്ലോ!.. വിവേകം അർത്ഥപൂർണ്ണമല്ലെങ്കിൽ വിനാശം തന്നെയായിരിക്കും ഫലം.
ശംഷീർ മുതുവക്കാട്
Shamsheer Muthuvakkad,
Director of Soon society,
Life strategist & psychotherapist